
കൊളംബോ: ഇന്ന്, തുടര്‍ച്ചയായി നാലാമത്തെ ഞായറാഴ്‌ച്ചയും ഭാരതം-പാക് ക്രിക്കറ്റ് ടീമുകള്‍ നേര്‍ക്കുനേര്‍ ഏറ്റുമുട്ടുകയാണ്. കഴിഞ്ഞ മൂന്ന് ഞായറാഴ്‌ച്ചകളിലും തുടര്‍ച്ചയായി ഏറ്റുമുട്ടിയത് പുരുഷ ക്രിക്കറ്റ് ടീം ആയിരുന്നു, ഏഷ്യാകപ്പിലായിരുന്നു. എന്നാല്‍ ഇന്ന് പടക്കളത്തിലിറങ്ങുന്നത് പെണ്‍ ടീമുകളാണ്, ഏകദിന ലോകകപ്പിന്റെ ആറാം മത്സരത്തില്‍. വൈകീട്ട് മൂന്നിന് കൊളംബേയിലെ പ്രേമദാസ സ്റ്റേഡിയത്തിലാണ് മത്സരം.
ഏഷ്യാകപ്പില്‍ ഭാരതത്തിനോട് ഏറ്റുമുട്ടിയ എല്ലാ മത്സരങ്ങളിലും പാക് പട പരാജയപ്പെട്ടിരുന്നു. അതിനേക്കാള്‍ മികച്ച റിക്കാര്‍ഡ് ആണ് വനിതാ ക്രിക്കറ്റിലുള്ളത്. ഏറ്റവും ഒടുവില്‍ ഇരു ടീമുകളും നേര്‍ക്കുനേര്‍ കണ്ട അഞ്ച് മത്സരങ്ങളില്‍ എല്ലാം ജയിച്ചിട്ടുള്ളത് ഭാരതമാണ്. വിവിധ വര്‍ഷങ്ങളായി നടന്ന മത്സരങ്ങളില്‍ വമ്പന്‍ മാര്‍ജിനിലായിരുന്നു വിജയങ്ങള്‍- 107 റണ്‍സിന്, 95 റണ്‍സിന്, ഏഴ് വിക്കറ്റിന്, ആറ് വിക്കറ്റിന്, ഏറ്റവും ഒടുവില്‍ പത്ത് വിക്കറ്റ് വിജയവും.
ഈ ലോകകപ്പിന്റെ ഉദ്ഘാടന മത്സരത്തില്‍ കളിച്ച ഭാരതം സഹ ആതിഥേയരായ ശ്രീലങ്കയെ ഗുവാഹത്തിയില്‍ വച്ച് തോല്‍പ്പിച്ചിരുന്നു. ഇന്നത്തെ അതേ പ്രേമദാസ സ്റ്റേഡിയത്തില്‍ പാകിസ്ഥാന്റെ ആദ്യ ലോകകപ്പ് പോരാട്ടം പരാജയത്തിലാണ് കലാശിച്ചത്. താരതമ്യേന ദുര്‍ബലരായ ബംഗ്ലാദേശിനോടായിരുന്നു തോല്‍വി. ഇത്രയും കണക്കുകളും സാഹചര്യവും നിരന്നുനില്‍ക്കുന്ന പശ്ചാത്തലത്തില്‍ ഹര്‍മന്‍പ്രീത് കൗറിന് കീഴിലുള്ള ഭാരതത്തിനാണ് ഉത്തരവാദിത്തം കൂടുതല്‍. ഇന്നത്തെ മത്സരത്തില്‍ ഏന്തുവില കൊടുത്തും ജയിച്ചേ തീരൂ.
ബൗളിങ്ങില്‍ സ്‌നേഹ് റാണ, ക്രാന്തി ഗൗഡ്
ഇക്കൊല്ലം ഭാരതത്തിനായി ഏറ്റവും കൂടുതല്‍ വിക്കറ്റെടുത്ത ബൗളര്‍ ആണ് സ്‌നേഹ് റാണ. സീസണില്‍ ഇതേവരെ 23 വിക്കറ്റുകള്‍ നേടി. മധ്യ ഓവറുകളില്‍ ഏതിരാളികളുടെ സ്‌കോറിങ്ങ് പിടിച്ചുകെട്ടുന്ന പ്രകടനമികവാണ് താരത്തിനുള്ളത്. ക്രാന്തി ഗൗഡിന് ഇത് ആദ്യ ലോകകപ്പ് ആണ്. സമീപകാലത്ത് ഭാരതത്തിനായി മിന്നും ഫോമിലുള്ള ബൗളര്‍ എന്ന വിശേഷണം ഈ യുവതാരത്തിനുണ്ട്.
സ്മൃതി എന്ന ശക്തി
ഭാരത ക്രിക്കറ്റ് ബാറ്റിങ് നിരയിലെ നാരീ ശക്തി എന്ന് വിശേഷിപ്പിക്കാവുന്ന താരമാണ് ഓപ്പണര്‍ സ്മൃതി മന്ദാന. ഇക്കൊല്ലം മികച്ച റിക്കാര്‍ഡ് ആണ് താരത്തിനുള്ളത്. മികച്ച ശരാശരി(62.4)ക്കൊപ്പം കരുത്തന്‍ പ്രഹര ശേഷിയുമാണ്(115.4) നിലനിര്‍ത്തിപോരുന്നത്.
പാക് പടയ്‌ക്ക് മൂര്‍ച്ഛ കൂട്ടാന്‍
ഇക്കൊല്ലം നാല് സെഞ്ച്വറികളുമായി മിന്നും പ്രകടനം കാഴ്‌ച്ചവച്ചുവരുന്ന സിദ്ര അമിന്‍ ആണ് പ്രധാന ബാറ്റിങ് കരുത്ത്. ഓള്‍ റൗണ്ടര്‍ ആയിട്ടുള്ള നായിക ഫാത്തിമ സന ന്യൂബോളില്‍ അത്ഭുതം കാട്ടാന്‍ ശേഷിയുള്ള താരമാണ്. സീസണില്‍ 16 വിക്കറ്റുമായി പാക് ബൗളിങ് നിരയുടെ ആത്മവിശ്വാസമുണര്‍ത്തുന്ന താരമായി നാഷ്‌റ സന്ധുവും പാക് പാളയത്തിലുണ്ട്.
ടീം-
ഭാരതം: ഹര്‍മന്‍പ്രീത് കൗര്‍(ക്യാപ്റ്റന്‍), ഉമ ചേത്രി(വിക്കറ്റ് കീപ്പര്‍), റിച്ച ഘോഷ്(വിക്കറ്റ് കീപ്പര്‍), ഹര്‍ലീന്‍ ഡിയോള്‍, സ്മൃതി മന്ദാന, ജെമീമ റോഡ്രിഗസ്, പ്രതിക റാവല്‍, അമജോത് കൗര്‍, സ്‌നേഹ് റാണ, ദീപ്തി ശര്‍മ, ക്രാന്തി ഗൗഡ്, അരുന്ധതി റെഡ്ഡി, രേണുക സിങ്, ശ്രീ ചരണി, രാധാ യാധവ്
പാകിസ്ഥാന്‍: ഫാത്തിമ സന(ക്യാപ്റ്റന്‍), മുനീബ അലി(വിക്കറ്റ് കീപ്പര്‍), സിദ്ര നാവാസ്(വിക്കറ്റ് കീപ്പര്‍), എയ്‌മാന്‍ ഫാത്തിമ, ഒമായിമ സൊഹെയില്‍, സദാഫ് ഷമാസ്, ഷവ്വാല്‍ സുല്‍ഫിഖര്‍, സിദ്ര അമിന്‍, ആലിയ റിയാസ്, സ്യേദ അരൂപ് ഷാ, ഡയാന ബെയ്ഗ്, നശ്‌റ സന്ധു, നടാലിയ പെര്‍വായിസ്, രമീന്‍ ഷമീം, സാദിയ ഇഖ്ബാല്‍.









