
ലഖ്‌നൗ: സയ്യിദ് മുഷ്താഖ് അലി ട്വന്റി 20 ടൂര്‍ണ്ണമെന്റില്‍ കേരളത്തിന് വീണ്ടും തോല്‍വി. അസം അഞ്ച് വിക്കറ്റിനാണ് കേരളത്തെ തോല്‍പിച്ചത്. ആദ്യം ബാറ്റ് ചെയ്ത കേരളം 19.4 ഓവറില്‍ 101 റണ്‍സിന് ഓള്‍ ഔട്ടാവുകയായിരുന്നു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ അസം ഏഴ് പന്തുകള്‍ ബാക്കി നില്‌ക്കെ ലക്ഷ്യത്തിലെത്തി. അസമിന്റെ അവിനവ് ചൗധരിയാണ് പ്ലെയര്‍ ഓഫ് ദി മാച്ച്.
ദേശീയ ടീമിനൊപ്പം ചേര്‍ന്ന സഞ്ജു സാംസന്റെ അഭാവത്തില്‍ അഹമ്മദ് ഇമ്രാന്റെ നേതൃത്വത്തിലായിരുന്നു കേരളം കളിക്കാനിറങ്ങിയത്. ടോസ് നേടിയ അസം ഫീല്‍ഡിങ് തിരഞ്ഞെടുക്കുകയായിരുന്നു. അഹമ്മദും രോഹന്‍ കുന്നുമ്മലും ചേര്‍ന്നാണ് കേരളത്തിന് വേണ്ടി ഇന്നിങ്‌സ് തുറന്നത്. സ്‌കോര്‍ 18ല്‍ നില്‍ക്കെ അഞ്ച് റണ്‍സെടുത്ത അഹ്‌മദ് ഇമ്രാന്‍ മടങ്ങി. രോഹനും കൃഷ്ണപ്രസാദും ചേര്‍ന്ന് രണ്ടാം വിക്കറ്റില്‍ 21 റണ്‍സ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ 14 റണ്‍സെടുത്ത കൃഷ്ണപ്രസാദ് അവിനവ് ചൗധരിയുടെ പന്തില്‍ പുറത്തായതോടെ കേരളത്തിന്റെ ബാറ്റിങ് തകര്‍ച്ചയ്‌ക്ക് തുടക്കമായി. മൊഹമ്മദ് അസറുദ്ദീന്‍ 11ഉം സല്‍മാന്‍ നിസാര്‍ ഏഴും, അബ്ദുള്‍ ബാസിദ് അഞ്ചും റണ്‍സെടുത്ത് പുറത്തായി. അഖില്‍ സ്‌കറിയ മൂന്നും ഷറഫുദ്ദീന്‍ 15ഉം റണ്‍സ് നേടി. 23 റണ്‍സെടുത്ത രോഹന്‍ കുന്നുമ്മലാണ് കേരളത്തിന്റെ ടോപ് സ്‌കോറര്‍. അസമിന് വേണ്ടി സാദക് ഹുസൈന്‍ നാലും അബ്ദുള്‍ അജീജ് ഖുറൈഷി, അവിനവ് ചൗധരി, മുഖ്താര്‍ ഹുസൈന്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും വീഴ്‌ത്തി.
മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ അസമിന് തുടക്കത്തില്‍ തന്നെ ക്യാപ്റ്റന്‍ സുമിത് ഖടിഗോങ്കറുടെ വിക്കറ്റ് നഷ്ടമായി. തുടര്‍ന്നെത്തിയ പ്രദ്യുന്‍ സൈകിയയുടെ പ്രകടനമാണ് അസമിന് വിജയമൊരുക്കിയത്. ഇടയ്‌ക്ക് വിക്കറ്റുകള്‍ നഷ്ടമായെങ്കിലും ഒരു വശത്ത് ഉറച്ച് നിന്ന പ്രദ്യുന്‍ സൈകിയ 18.5 ഓവറില്‍ ടീമിനെ വിജയത്തിലെത്തിച്ചു. പ്രദ്യുന്‍ 41 റണ്‍സുമായി പുറത്താകാതെ നിന്നു. കേരളത്തിന് വേണ്ടി കെ എം ആസിഫ് രണ്ടും ഷറഫുദ്ദീന്‍, അഖില്‍ സ്‌കറിയ അബ്ദുള്‍ ബാസിദ് എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്‌ത്തി.









