
അഡ്‌ലെയ്ഡ്: ആഷസ് ടെസ്റ്റ് പരമ്പര ഓസീസ് നിലനിര്‍ത്തിയെന്നും സ്വന്തമാക്കിയെന്നും പറയാം. കഴിഞ്ഞ തവണ ഇംഗ്ലണ്ടില്‍ 2-2 ന് പങ്ക് വച്ച കിരീടം ഇക്കുറി സ്വന്തം നാട്ടില്‍ ഓസീസ് 3-0ന് ഉറപ്പിച്ചിരിക്കുകയാണ്. അഡ്‌ലെയ്ഡില്‍ നടന്ന മൂന്നാം മത്സരവും ആധികാരികമായി ജയിച്ചതോടെയാണ് ഓസീസ് പരമ്പരനേട്ടത്തിനര്‍ഹരായത്. ഇനി രണ്ട് മത്സരങ്ങള്‍ കൂടി ബാക്കിയുണ്ട്. 26ന് മെല്‍ബണില്‍ ആരംഭിക്കുന്ന ബോക്‌സിങ് ഡേ ടെസ്റ്റും. അടുത്ത മാസം നാലിന് സിഡ്‌നിയില്‍ ആരംഭിക്കുന്ന അവസാന ടെസ്റ്റും.
അഡ്‌ലെയ്ഡ് ടെസ്റ്റില്‍ ആദ്യം ബാറ്റ് ചെയ്ത ഓസീസ് നേടിയ 371 റണ്‍സിനെതിരെ ഇംഗ്ലണ്ട് 286ല്‍ വീണു. രണ്ടാം ഇന്നിങ്‌സില്‍ ഓസീസ് 349 റണ്‍സെടുത്ത് ലീഡ് 434 ആയി ഉയര്‍ത്തി. ഇതിനെ മറികടക്കാനിറങ്ങിയ ഇംഗ്ലണ്ടിന്റെ ബെന്‍ സ്‌റ്റോക്‌സും കൂട്ടരും 352 റണ്‍സില്‍ ഓള്‍ ഔട്ടായി. ആദ്യ ഇന്നിങ്‌സില്‍ സെഞ്ചുറി പ്രകടനത്തോടെ(106) ഓസീസ് ഇന്നിങ്‌സിന്റെ നട്ടെല്ലായ വിക്കറ്റ് കീപ്പര്‍ അലെക്‌സ് കാരി രണ്ടാം ഇന്നിങ്‌സില്‍ കാഴ്‌ച്ചവച്ച അര്‍ദ്ധ സെഞ്ചുറി മികവ്(72) ഓസീസിന് വിജയത്തിനാവശ്യമായ നിര്‍ണായക ലീഡ് സമ്മാനിച്ചു. അലക്‌സ് കാരി കളിയിലെ താരമായി.
ഇത്തവണത്തെ ആഷസ് ആരംഭിച്ച് കൃത്യം ഒരു മാസമാകുമ്പോഴേക്കും പരമ്പര നിര്‍ണയിക്കാന്‍ ഓസ്‌ട്രേലിയയ്‌ക്ക് സാധിച്ചു. നവംബര്‍ 21ന് പെര്‍ത്തില്‍ ആണ് ആഷസ് ആരംഭിച്ചത്. ഇന്നലെ ഡിസംബര്‍ 21ന് അഡ്‌ലെയ്ഡില്‍ ഓസീസ് പരമ്പര ഉറപ്പാക്കി.
രണ്ടാം ഇന്നിങ്‌സില്‍ ഇംഗ്ലണ്ടിനായി ഏതാനും താരങ്ങള്‍ നന്നായി പൊരുതി. എന്നാല്‍ മികച്ച അടിത്തറയൊരുക്കി ഒരു സ്‌പെഷ്യലിസ്റ്റ് ബാറ്റര്‍ക്ക് പോലും മുന്നില്‍ നിന്ന് നയിക്കാനാവാതെ വന്നതാണ് വിനയായത്. ഓപ്പണര്‍ സാക് ക്രൗളി അര്‍ദ്ധ സെഞ്ചുറിയുമായി(85) പൊരുതിയെങ്കിലും അതിനെ മുന്നോട്ട് നയിക്കാന്‍ ആര്‍ക്കും സാധിച്ചില്ല. ജോ റൂട്ട്(39), ഒല്ലീ പോപ്പ്(17), ഹാരി ബ്രൂക്ക്(30), ബെന്‍ സ്‌റ്റോക്‌സ്(അഞ്ച്) തുടങ്ങിയ പ്രതിഭാധനന്‍മാരെല്ലാം ദൈര്‍ഘ്യമേറിയ ഇന്നിങ്‌സ് കാഴ്‌ച്ചവയ്‌ക്കാതെ മുട്ടുമടക്കി. വിക്കറ്റ് കീപ്പര്‍ ജാമീ സ്മിത്ത്(60), വില്‍ ജാക്‌സ്(47), ബ്രൈഡന്‍ കാഴ്‌സെ(പുറത്താകാതെ 39) എന്നിവര്‍ പൊരുതി നോക്കിയെങ്കിലും ഫലമുണ്ടായില്ല.
പരിക്കില്‍ നിന്നും മുക്തനായി തിരികെയെത്തിയ ഓസീസ് ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് മൂന്ന് വിക്കറ്റ് നേടി. സ്റ്റാര്‍ പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്കും സ്പിന്നര്‍ നഥാന്‍ ലിയോണും രണ്ടാം ഇന്നിങ്‌സില്‍ മൂന്ന് വിക്കറ്റ് വീതം നേടി.









