
അഡ്‌ലെയ്ഡ്: ആഷസ് പരമ്പരയിലെ മൂന്നാം ടെസ്റ്റിലും തോല്‍വി മുന്നില്‍ കണ്ട് ഇംഗ്ലണ്ട്. ആദ്യ ഇന്നിംഗ്‌സില്‍ 75 റണ്‍സിന്റെ ലീഡ് നേടിയ ഓസീസ് രണ്ടാം ഇന്നിങ്‌സില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 271 റണ്‍സ് എന്ന നിലയിലാണ്. ആറ് വിക്കറ്റ് കൈയിലിരിക്കെ 356 റണ്‍സിന്റെ ലീഡ് സ്വന്തമായുള്ള ഓസീസ് മത്സരത്തില്‍ പിടിമുറുക്കി.
142 റണ്‍സുമായി ഓപ്പണര്‍ ട്രാവിസ് ഹെഡും 52 റണ്‍സുമായി ആദ്യ ഇന്നിങ്‌സില്‍ സെഞ്ച്വറി നേടിയ അലക്‌സ് ക്യാരിയുമാണ് ക്രീസില്‍. നേരത്തെ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 213 റണ്‍സെന്ന നിലയില്‍ മൂന്നാം ദിനം കൡയാരംഭിച്ച ഇംഗ്ലണ്ട് 286 റണ്‍സിന് എല്ലാവരും പുറത്തായി. 83 റണ്‍സെടുത്ത ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സും 51 റണ്‍സെടുത്ത ജോഫ്ര ആര്‍ച്ചറും ഒമ്പതാം വിക്കറ്റില്‍ പുറത്തെടുത്ത മികവ് ഇംഗ്ലണ്ടിന് നേട്ടമായി. ഇരുവരും ചേര്‍ന്ന് 106 റണ്‍സിന്റെ കൂട്ടുകെട്ടാണ് പടുത്തുയര്‍ത്തിയത്. ഓസീസിനായി പാറ്റ് കമിന്‍സും ബോളണ്ടും മൂന്ന് വിക്കറ്റ് വീതം വീഴ്‌ത്തി. വെറ്ററന്‍ സ്പിന്നര്‍ നേഥന്‍ ലയണ്‍ രണ്ട് വിക്കറ്റെടുത്തു. രണ്ടാം ഇന്നിങ്‌സില്‍ ഓസീസിനായ ഉസ്മാന്‍ ഖവാജ 40 റണ്‍സ് നേടി. ജാക് വെതറാള്‍ഡ് (1), മാര്‍നസ് ലാബുഷെയ്ന്‍ (13), കാമറൂണ്‍ ഗ്രീന്‍ (7) എന്നിവരാണ് പുറത്തായവര്‍. സെഞ്ച്വറി നേടിയ അലക്‌സ് കാരിയുടെയും (106) ഉസ്മാന്‍ ഖവാജയുടെയും (82) പ്രകടനങ്ങളാണ് ഓസീസിനെ ആദ്യ ഇന്നിങ്‌സില്‍ 371 എന്ന മികച്ച സ്‌കോറിലെത്തിച്ചത്.









