
ഫ്‌ളോറിഡ: ലോക ഫുട്‌ബോളിലെ സൂപ്പര്‍ താരം ലയണല്‍ മെസി ബാഴ്‌സിലോണയ്‌ക്കെതിരെ ബൂട്ടുകെട്ടും. പക്ഷെ ചെറിയൊരു വ്യത്യാസം സ്‌പെയിനിലെ വമ്പന്‍മാരായ എഫ്‌സി ബാഴ്‌സിലോണ അല്ല. ഇക്വഡോറിലെ ബാഴ്‌സിലോണ ഡി ഗ്വയാക്വില്‍ എന്ന ക്ലബ്ബിനെയാകും നേരിടുക. അമേരിക്കയിലെ മേജര്‍ ലീഗ് സോക്കര്‍(എംഎല്‍എസ്) സീസണ്‍ തുടങ്ങുന്നതിന് മുന്നോടിയായി പ്രീസീസണ്‍ പോരാട്ടങ്ങളിലാണ് ലാറ്റിനമേരിക്കയിലെ ടീമുകളുമായി കളി ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്.
അടുത്ത മാസം അവസാനവും ഫെബ്രുവരി ആദ്യവുമായി മൂന്ന് പ്രീ സീസണ്‍ മത്സരങ്ങളാണ് ഇന്റര്‍ മയാമിക്ക് ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍ ഷെഡ്യൂള്‍ ചെയ്തിട്ടുള്ളത്. ആദ്യ മത്സരം ജനുവരി 24ന് പെറുവിലെ അലയന്‍സ് ലിമയ്‌ക്കെതിരെ. രണ്ടാം മത്സരം 31ന് കൊളംബിയയിലെ അത്‌ലറ്റിക്കോ നാഷണല്‍സിനെതിരെ. ഫെബ്രുവരി ഏഴിന് നടക്കുന്ന മൂന്നാമത്തെയും അവസാനത്തെയും പോരാട്ടത്തിലാണ് ബാഴ്‌സിലോണ ഡി ക്വിയാക്വലുമായി ഏറ്റുമുട്ടുക. ഇക്വഡോര്‍ ഫുട്‌ബോള്‍ ലീഗില്‍ 16 കിരീടങ്ങള്‍ നേരിട ചരിത്രമുള്ള ടീം ആണ് ബാഴ്‌സിലോണ ഡി ക്വിയാക്വില്‍.
അതേസമയം മെസിയുടെ കരിയര്‍ കെട്ടിപ്പടുത്ത് ജീവിതത്തിന്റെ ഭാഗമായി മാറിയ ക്ലബ്ബ് ആണ് സ്‌പെയിനിലെ എഫ്‌സി ബാഴ്‌സിലോണ. കുട്ടിക്കാലത്ത് ബാഴ്‌സയിലെത്തിയ മെസി രണ്ട് പതിറ്റാണ്ടിന്റെ ഇടവേളയ്‌ക്ക് ശേഷം 2021ല്‍ ബാഴ്‌സയില്‍ നിന്നും പിഎസ്ജിയിലേക്ക് വിട്ടുപരിഞ്ഞുപോയപ്പോള്‍ വലിയ വൈകാരിക രംഗങ്ങളാണ് അരങ്ങേറിയത്. പിഎസ്ജിയില്‍ നിന്ന് പിന്നീട് മെസി മയാമിയിലേക്ക് കൂടുമാറുകയായിരുന്നു.









