
മിലാന്‍: ഇറ്റാലിയന്‍ സീരിഎയില്‍ തകര്‍പ്പന്‍ ജയത്തോടെ എസി മിലാന്‍ വീണ്ടും പോയിന്റ് പട്ടികയുടെ തലപ്പത്ത്. വെറോണയെ 3-0ന് തകര്‍ത്താണ് 35 പോയിന്റ് നേടി മുന്നിലായത്. ചിരവൈരികളായ ഇന്റര്‍ മിലാനെയാണ് മറികടന്നത്.
ലീഗിന്റെ 16-ാം മത്സരത്തിലാണ് പത്താം വിജയവുമായി മിലാന്‍ 35 പോയിന്റ് നേടിയിരിക്കുന്നത്. 15 കളികള്‍ മാത്രം പൂര്‍ത്തിയാക്കിയ ഇന്റര്‍ 11 വിജയത്തോടെ 33 പോയിന്റ് നേടിയിട്ടുണ്ട്. ഇന്നലെ മറ്റൊരു മത്സരത്തില്‍ പിസയെ തോല്‍പ്പിച്ച് യുവെന്റസും ആദ്യ നാലിനുള്ളില്‍ എത്തിയിട്ടുണ്ട്.
ഫ്രഞ്ച് സ്‌ട്രൈക്കര്‍ ക്രിസ്റ്റഫര്‍ എന്‍കുങ്കു രണ്ടാം പകുതിയില്‍ നേടിയ ഇരട്ടഗോള്‍ ബലത്തിലാണ് മിലാന്‍ വെറോണയ്‌ക്കെതിരെ മികച്ച വിജയം കൊയ്തത്. 48-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി ഗോളാക്കിയ എന്‍കുങ്കു അഞ്ച് മിനിറ്റിനകം ഇരട്ട ഗോള്‍ തികച്ചു. നേരത്തെ ആദ്യ പകുതി പിരിയുന്നതിന് തൊട്ടുമുമ്പ് ക്രിസ്റ്റ്യന്‍ പുലിസിച്ച് മിലാന്റെ ആദ്യ ഗോള്‍ നേടിയിരുന്നു.
പിസയ്‌ക്കെതിരായ യുവെന്റസിന്റെ വിജയം എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കായിരുന്നു. പിയെറെ കലൂലുവും(73-ാം മിനിറ്റ്) സ്റ്റോപ്പേജ് സമയത്ത് കെനാന്‍ യില്‍ഡ്‌സും ഗോളുകള്‍ നേടി.









