
അഹമ്മദാബാദ്: വിജയ് ഹസാരെ ട്രോഫിയില്‍ കേരളത്തിന് വീണ്ടും തോല്‍വി. ഇന്നലത്തെ മത്സരത്തില്‍ മധ്യപ്രദേശിനോട് പരാജയപ്പെട്ടത് 47 റണ്‍സിന്. ആദ്യം ബാറ്റ് ചെയ്ത മധ്യപ്രദേശ് 46.1 ഓവറില്‍ 214 റണ്‍സിന് ഓള്‍ ഔട്ടായി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളം 40.1 ഓവറില്‍ 167 റണ്‍സിന് പുറത്തായി. 93 റണ്‍സുമായി മധ്യപ്രദേശിന്റെ ഇന്നിങ്‌സിന് കരുത്ത് പകര്‍ന്ന ഹിമന്‍ശു മന്ത്രിയാണ് പ്ലേയര്‍ ഓഫ് ദി മാച്ച്.
ടോസ് നേടി ഫീല്‍ഡിങ് തെരഞ്ഞെടുത്ത കേരളത്തിന് ബൗളര്‍മാര്‍ മികച്ച തുടക്കമാണ് നല്‍കിയത്. ഒരറ്റത്ത് ഉറച്ചുനിന്ന ഹിമന്‍ശു മന്ത്രി ടീമിന്റെ രക്ഷകനായി. ആദ്യം ആര്യന്‍ പാണ്ഡെയെയും (15) പിന്നീട് ത്രിപുരേഷ് സിങ്ങിനെയും (37) കൂട്ടുപിടിച്ച് ഹിമന്‍ശു ടീമിനെ കരകയറ്റി. ത്രിപുരേഷുമായി ചേര്‍ന്ന് ഒന്‍പതാം വിക്കറ്റില്‍ പടുത്തുയര്‍ത്തിയ 66 റണ്‍സിന്റെ കൂട്ടുകെട്ടാണ് മധ്യപ്രദേശ് സ്‌കോര്‍ 214-ല്‍ എത്തിച്ചത്. അര്‍ഹിച്ച സെഞ്ചുറിക്ക് ഏഴ് റണ്‍സ് അകലെ (93 റണ്‍സ്) പുറത്തായെങ്കിലും ടീമിന് പൊരുതാവുന്ന സ്‌കോര്‍ സമ്മാനിച്ചാണ് ഹിമന്‍ശു ക്രീസ് വിട്ടത്. കേരളത്തിന് വേണ്ടി അങ്കിത് ശര്‍മ്മ നാലും ബാബ അപരാജിത് മൂന്നും വിക്കറ്റുകള്‍ വീഴ്‌ത്തി.
മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളത്തിനും മോശം തുടക്കമാണ് ലഭിച്ചത്.
വാലറ്റത്ത് ഷറഫുദ്ദീന്റെ തകര്‍പ്പന്‍ ഇന്നിങ്‌സാണ് കേരളത്തിന്റെ സ്‌കോര്‍ 167 വരെയെത്തിച്ചത്. ഷറഫുദ്ദീന്‍ 29 പന്തുകളില്‍ അഞ്ച് ബൗണ്ടറിയും മൂന്ന് സിക്‌സുമടക്കം 42 റണ്‍സെടുത്തു. വിഷ്ണു വിനോദ് 20 റണ്‍സും നേടി. മധ്യപ്രദേശിന് വേണ്ടി ശുഭം ശര്‍മ്മ മൂന്നും ശിവങ് കുമാര്‍, സരന്‍ഷ് ജെയിന്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും വീഴ്‌ത്തി.









