
ക്വാലലംപുര്‍: മലേഷ്യ ഓപ്പണ്‍ ബാഡ്മിന്റണ്‍ 2026ന്റെ വനിതാ സിംഗിള്‍സില്‍ ഭാരതത്തിന്റെ പി.വി. സിന്ധു സെമിയില്‍. ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ ആദ്യ ഗെയിം 21-11ന് ജയിച്ചു നില്‍ക്കെ എതിരാളിയായിരുന്ന ജപ്പാന്റെ കരുത്തന്‍ താരം അകാനെ യമാഗുച്ചി പരിക്ക് ഭീതി കാരണം മത്സരത്തില്‍ നിന്ന് പിന്മാറി. ഇതോടെ വാക്കോവറില്‍ സിന്ധു സെമിയിലെത്തുകയായിരുന്നു.
സെമിയില്‍ ഇന്തോനേഷ്യയുടെ പുത്രി കുസുമ വര്‍ദനി- ചൈനയുടെ വാങ് സി യി പോരില്‍ ജയിക്കുന്നവരായിരിക്കും സിന്ധുവിന്റെ എതിരാളി. ടൂര്‍ണമെന്റില്‍ ആദ്യ രണ്ട് റൗണ്ടുകളിലും നേരിട്ടുള്ള ഗെയിമിന് ജയിച്ചുകൊണ്ടാണ് സിന്ധു ക്വാര്‍ട്ടര്‍ വരെയെത്തിയത്. എട്ട് വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷമാണ് സിന്ധുവിന്റെ മലേഷ്യന്‍ ഓപ്പണ്‍ സെമിയില്‍ പ്രവേശം.
ഭാരതത്തിന്റെ പ്രതീക്ഷാ താരങ്ങളായിരുന്ന പുരുഷ ഡബിള്‍സിലെ സാത്വിക് സായിരാജ് റെങ്കി റെഡ്ഡി-ചിരാഗ് ഷെട്ടി സഖ്യം ക്വാര്‍ട്ടറില്‍ തോറ്റ് പുറത്തായി. ഇന്തോനേഷ്യ സഖ്യം ഫജര്‍ അല്‍ഫിയാന്‍-മുഹമ്മദ് ഷൊഹിബുല്‍ ഫിക്രിയോടാണ് ഭാരത ഡബിള്‍സ് താരങ്ങളുടെ പരാജയം. നേരിട്ടുള്ള ഗെയിമിന്റെ തോല്‍വിയാണ് വഴങ്ങിയത്(സ്‌കോര്‍ 10-21, 23-21)









