
മെല്‍ബണ്‍: കരിയറില്‍ നിന്നുള്ള വിരമിക്കല്‍ സീസണിന് തയ്യാറെടുക്കുന്ന സ്വിറ്റ്‌സര്‍ലന്‍ഡ് ടെന്നിസ് താരം സ്റ്റാന്‍ വാവ്‌റിങ്കയ്‌ക്ക് ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ വൈല്‍ഡ് കാര്‍ഡ് എന്‍ട്രി. 2014 പുരുഷ സിംഗിള്‍സ് ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ നേടിയത് കണക്കിലെടുത്തതും ഇക്കൊല്ലം വിടവാങ്ങല്‍ സീസണ്‍ ആണെന്നതും കണക്കിലെടുത്താണ് അധികൃതര്‍ അവസരം നല്‍കിയത്.
40 കാരനായ വാവ്‌റിങ്ക കരിയറില്‍ മൂന്ന് ഗ്രാന്‍ഡ് സ്‌ലാം കിരീടങ്ങള്‍ നേടിയിട്ടുണ്ട്. ഓസ്‌ട്രേലിയന്‍ ഓപ്പണിലായിരുന്നു ആദ്യ നേട്ടം. 2015, 2016 വര്‍ഷങ്ങളില്‍ ഫ്രഞ്ച് ഓപ്പണ്‍, യുഎസ് ഓപ്പണ്‍ കിരീടങ്ങള്‍ സ്വന്തമാക്കി. എന്നാല്‍ വിംബിള്‍ഡണില്‍ 2014, 2015 സീസണുകളില്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ വരെ എത്തിയതാണ് ഏറ്റവും വലിയ മുന്നേറ്റം. നിലവില്‍ പുരുഷ സിംഗിള്‍സില്‍ 156-ാം റാങ്കിലാണ് വാവ്‌റിങ്ക ഉള്ളത്.









