ന്യൂഡൽഹി: പ്രവാസികളോടുള്ള നികുതിവിവേചനത്തിൽ ഇടപെടൽ ആവശ്യപ്പെട്ട് പ്രവാസി ലീഗൽ സെൽ. കേന്ദ്ര ധനകാര്യമന്ത്രി നിർമല സീതാരാമന് നൽകിയ നിവേദനത്തിലാണ് ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്. 2024 ൽ കൊണ്ടുവന്ന ധനകാര്യ നിയമത്തിൽ ഇന്ത്യയിൽ താമസിക്കുന്നവരെയും പ്രവാസികളെയും വ്യത്യസ്തരായികാണുന്ന നയം ഇന്ത്യൻ ഭരണഘടന ഉറപ്പുനൽകുന്ന തുല്യതയുടെ ലംഘനമാണെന്നും അടിയന്തിരമായി ഈ വിവേചനം അവസാനിപ്പിക്കണമെന്നും നിവേദനത്തിൽ ആവശ്യപെടുന്നു.
ഇന്ത്യയിലെ വസ്തുകൈമാറ്റം ചെയുമ്പോഴുണ്ടാകുന്ന വരുമാനത്തിൽ പ്രവാസികൾ കൂടുതലായി വരുമാന നികുതി നൽകേണ്ട സാഹചര്യമാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്. ഇന്ത്യൻ പൗരന്മാരെ വ്യത്യസ്തരായി കാണുന്ന ഈ തീരുമാനം പിൻവലിക്കണമെന്നും മറ്റുമാണ് നിവേദനത്തിലെ പ്രധാന ആവശ്യം. പ്രവാസി ലീഗൽ സെൽ ഗ്ലോബൽ പ്രെസിഡണ്ട് അഡ്വ. ജോസ് എബ്രഹാമാണ് ലീഗൽ സെല്ലിനായി നിവേദനം സമർപ്പിച്ചിരിക്കുന്നത്. പ്രവാസ മേഖലയിൽ വൻ പ്രതിഷേധം ഉണ്ടാകുന്ന സാഹചര്യത്തിൽ ഈ നയം അടിയന്തിരമായി പിൻവലിക്കണമെന്നും അനുകൂല നടപടി ഉണ്ടാകാത്തപക്ഷം കോടതിയെ സമീപിക്കുമെന്നും പ്രവാസി ലീഗൽ സെൽ ഗ്ലോബൽ വക്താവും ബഹറിൻ ചാപ്റ്റർ അദ്ധ്യക്ഷനുമായ സുധീർ തിരുനിലത്ത്, ദുബായ് ചാപ്റ്റർ അധ്യക്ഷൻ ടി.എൻ. കൃഷ്ണകുമാർ അബുദാബി ചാപ്റ്റർ അധ്യക്ഷൻ ജയപാൽ ചന്ദ്രസേനൻ, ഷാർജ-അജ്‌മാൻ ചാപ്റ്റർ അദ്ധ്യക്ഷ ഹാജിറാബി വലിയകത്ത്, യൂകെ ചാപ്റ്റർ അദ്ധ്യക്ഷ അഡ്വ. സോണിയ സണ്ണി, കുവൈറ്റ് ചാപ്റ്റർ അദ്ധ്യക്ഷൻ ബാബു ഫ്രാൻസിസ്, ഇറ്റലി ചാപ്റ്റർ കോർഡിനേറ്റർ പ്രൊഫ. ജോസ് ഫിലിപ്പ് , കാനഡ കോർഡിനേറ്റർ ബിജു ഫിലിപ്പ് എന്നിവർ പത്രക്കുറിപ്പിൽ അറിയിച്ചു