മനാമ: ബഹ്റൈൻ കേരളീയ സമാജം കുടുംബാംഗങ്ങളുടെ കലാസാഹിത്യ വാസനകൾ പ്രോത്സാഹിപ്പിക്കുന്നതിനായി സംഘടിപ്പിക്കുന്ന കേരളോത്സവത്തിൽ വിവിധ മത്സരങ്ങൾ ആരംഭിച്ചു. ചെറുകഥ, ലേഖന മത്സരങ്ങൾ, നാടൻ പാട്ട് , പെൻസിൽ ഡ്രോയിങ് തുടങ്ങിയ വ്യക്തിഗത ഇന മത്സരങ്ങൾ ഇതിനോടകം പൂർത്തിയായി.
സമാജം കുടുംബാംഗങ്ങളെ അഞ്ചോളം ഹൗസുകളായി തിരിച്ച് നടക്കുന്ന വാശിയേറിയ മത്സരങ്ങളിൽ മികച്ച പങ്കാളിത്തമാണ് ലഭിക്കുന്നത് എന്ന് കേരളോത്സവം കൺവീനർ ആഷ്‌ലി കുര്യൻ മഞ്ഞില അഭിപ്രായപ്പെട്ടു. പതിനൊന്നു വർഷങ്ങളുടെ ഇടവേളയ്ക്കു ശേഷം അരങ്ങേറുന്ന കേരളോത്സവത്തിന്റെ ഭാഗമായി ബിനാലെ മോഡലിൽ നടത്തുന്ന ആർട് ഇൻസ്റ്റലേഷൻ മത്സരത്തിന്റെ നിർമ്മാണങ്ങൾ സമാജം പാർക്കിംഗ് ഗ്രൗണ്ടിൽ നടന്നുവരുന്നു. അഞ്ചുവ്യത്യസ്ത ഹൗസുകൾ നിർമ്മിക്കുന്ന സ്റ്റേഷനുകൾ ഫെബ്രുവരി ഒന്നോടെ പൂർത്തിയാകും. ജനുവരി 31 നു ഉച്ചക്ക് ശേഷം നടക്കുന്ന മാസ്സ് പെയിന്റിംഗ് മത്സരത്തിലും അഞ്ചു ഹൗസുകളെ പ്രതിനിധീകരിച്ചുള്ള ടീമുകൾ മാറ്റുരക്കും. ആർട് ഇൻസ്റ്റലേഷനും മാസ്സ് പെയിന്റിംഗുകളും കാണാൻ ഫെബ്രുവരി ഒന്ന് വൈകീട്ട് 9 മണിമുതൽ പൊതുജനത്തിനും സൗകര്യമുണ്ടായിരിക്കുന്നതാണ്.
ഫെബ്രുവരി ഒന്നുമുതൽ പുനരാരംഭിക്കുന്നു വ്യക്തിഗത ഇനങ്ങൾ അവസാനിക്കുന്നതോടെ വാശിയേറിയ ഗ്രൂപ് ഇനങ്ങൾ ആരംഭിക്കും. കേരളോത്സവത്തിന്റെ ഭാഗമായുള്ള അമ്പതോളം വരുന്ന കലാസാഹിത്യ മത്സരങ്ങളിൽ അഞ്ഞൂറിൽ അധികം സമാജം അംഗങ്ങൾ ആണ് പങ്കെടുക്കുന്നത്.
സമാജം അംഗങ്ങളുടെ വിവിധ സാഹിത്യ കലാഭിരുചികൾ പ്രകടിപ്പിക്കാനുള്ള അവസരമാണ് കേരളോത്സവം എന്നും ഈ അവസരം യഥാവിധി ഉപയോഗിച്ച് പരിപാടികളിൽ പങ്കെടുക്കുന്ന മെമ്പർമാരെ അനുമോദിക്കുന്നതായും സമാജം വൈസ് പ്രസിഡന്റ് ദിലീഷ് കുമാറും ജനറൽ സെക്രട്ടറി വർഗീസ് കാരക്കലും അറിയിച്ചു.