ബഹ്റൈൻ പ്രവാസികൾ നാട്ടിലേക്കയക്കുന്ന പണത്തിനുമേൽ രണ്ട് ശതമാനം നികുതി ഏർപ്പെടുത്താനുള്ള ശുപാർശയ്ക്ക് പാർലമെന്റിന്റെ അംഗീകാരം. ധന, സാമ്പത്തിക കാര്യ കമ്മിറ്റിയുടെ ഇതു സംബന്ധിച്ച നിർദേശം ബഹ്റൈൻ പാർലമെന്റിൽ (ഷൂറാ കൗൺസിൽ) ചർച്ചക്ക് വയ്ക്കുകയും ഇതിൻ്റെ അടിസ്ഥാനത്തിൽ വോട്ടിനിടുകയും തുടർന്ന് പാസ്സാക്കുകയുമായിരുന്നു. പുതുക്കിയ നിർദ്ദേശത്തിന് പാർലമെന്റിന്റെ അനുമതി ലഭിച്ചതോടെ ബഹ്റൈനിലെ പ്രവാസികൾ നാട്ടിലേക്കയക്കുന്ന പണത്തിന് 2 ശതമാനം നികുതി നൽകേണ്ടിവരും. 200 ദിനാറിൽ താഴെയുള്ള ഇടപാടുകൾക്ക് ഒരു ശതമാനം, 201 നും 400 നും ഇടയിൽ ദിനാർ അയക്കാൻ 2 ശതമാനവും ലെവി ചുമത്തുന്ന സംവിധാനമാണ് ഇതോടെ നിലവിൽ വരുന്നത്.
സ്വദേശത്തേക്ക് അയക്കുന്ന പണത്തിന് നികുതിയേർപ്പെടുത്തുന്ന ആദ്യ ഗൾഫ്
രാജ്യമാണ് ബഹ്റൈൻ. രാജ്യം എണ്ണ വരുമാനത്തെ ആശ്രയിക്കുന്നത് കുറക്കാനും പ്രവാസികൾ സമ്പാദിക്കുന്ന പണം മുഴുവനായും നാട്ടിലേക്ക് അയക്കുന്നത് ഒഴിവാക്കി ബഹ്റൈനിൽ തന്നെ ചെലവഴിക്കുന്നത് പ്രോത്സാഹിപ്പിക്കാനും നിയമം നടപ്പാക്കുന്നതിലൂടെ ഒരു പരിധിവരെ സാധിക്കുമെന്നതും ഇതിൻ്റെ പ്രത്യേകതയായി കണക്കാക്കാം.
2023 ഫെബ്രുവരിയിൽ ആണ് ആദ്യ കരട് നിയമം സമർപ്പിച്ചു എങ്കിലും ഇതിന് പലകാരണങ്ങളാൽ അംഗീകാരം ലഭിച്ചിരുന്നില്ല . ക്രിപ്റ്റോകറൻസി ഇടപാടുകളിലേക്കും നിയമവിരുദ്ധമായി പണം നാട്ടിലേക്കയക്കാനും പ്രവാസികളെ ഈ നിയമം പ്രേരിപ്പിക്കുമെന്നതുൾപ്പെടെയുള്ള കാര്യങ്ങൾ ചൂണ്ടിക്കാട്ടി ഒരു വിഭാഗം എം.പിമാരും സാമ്പത്തിക വിദഗ്ധരും ഇതിനെഎതിർത്തിരുന്നു. എന്നാൽ ഇത്തരം അനൗപചാരിക കൈമാറ്റ രീതികളെ ആശ്രയിക്കാൻ പ്രവാസികളെ പ്രേരിപ്പിച്ചേക്കാമെന്ന ആശങ്ക ഷൂറ കൗൺസിൽ തള്ളുകയായിരുന്നു. 2023 ഫെബ്രുവരിയിൽ ആദ്യമായി സമർപ്പിച്ചതിനുശേഷം ഇത്തരത്തിലുള്ള ആശങ്കകൾ കാരണം ബിൽ ഒന്നിലധികം പരിഷ്കാരങ്ങൾക്ക് വിധേയമാക്കിയിരുന്നു.