മനാമ: ബഹ്റൈനിലെ പ്രവാസി മലയാളികളായ അമ്മമാർക്കും അവരുടെ 5 മുതൽ 13 വയസ്സ് വരെ പ്രായമുള്ള കുട്ടികൾക്കുമായി ബഹ്റൈൻ കേരളീയ സമാജം വനിതാ വേദിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ” വൗ മാം” എന്ന വിനോദാധിഷ്ഠിത കലാവൈജ്ഞാനിക മത്സരത്തിൻ്റെ ഗ്രാൻഡ് ഫിനാലെ ഇന്ന് (ജനുവരി 31)ന് നടക്കും രാത്രി 8 മണിക്ക് സമാജം ഡയമണ്ട് ജൂബിലി ഹാളിൽ നടക്കുന്ന സമാപന ചടങ്ങിൽ പ്രശസ്ത ചലച്ചിത്ര-ടെലിവിഷൻ താരവും എഴുത്തുകാരിയുമായ ഗായത്രി അരുൺ മുഖ്യാതിഥിയായി പങ്കെടുക്കും.
നമ്മുടെ സമൂഹത്തിലെ പ്രതിഭകളെ പ്രോത്സാഹിപ്പിക്കാനും അവർക്കു വേദി ഒരുക്കുവാനും സമാജം എല്ലായ് പ്പോഴും പ്രതിജ്ഞാബദ്ധമാണെന്നും ഈ ഗ്രാൻഡ് ഫിനാലെ കാണുവാനും മത്സരാർഥികളെ പ്രോത്സാഹിപ്പിക്കാനും എല്ലാവരെയും ഞങ്ങൾ സ്നേഹപൂർവ്വം സമാജത്തിലേക്കു ക്ഷണിക്കുന്നുവെന്നും സമാജം ആക്ടിങ് പ്രസിഡന്റ് ദിലീഷ് കുമാർ അറിയിച്ചു.ബി.കെ.എസ് വനിതാ വേദിയുടെ ഈ പ്രയത്നം ശരിക്കും അഭിനന്ദർഹമാണെന്നും . ഈ അമ്മമാരുടെ യാത്ര പ്രചോദനാത്മകമാണെന്നും അവരുടെ പ്രകടനങ്ങൾ മികവുറ്റതാണെന്നും ഈ ഗ്രാൻഡ് ഫിനാലെ അവരുടെ പ്രതിബദ്ധതയുടെ ആഘോഷമായിരിക്കുമെന്നും ബികെഎസ് ജനറൽ സെക്രട്ടറി വര്ഗീസ് കാരക്കൽ അറിയിച്ചു.
കഴിഞ്ഞ ഒരുമാസമായി നടന്നു വരുന്ന മത്സരത്തിൻ്റെ ഭാഗമായ ഫാഷൻ ഷോയും, ചോദ്യോത്തര റൗണ്ടും സമാപന ചടങ്ങിന് മുൻപായി അരങ്ങേറുമെന്ന് വനിതാ വിഭാഗം പ്രസിഡൻ്റ് മോഹിനി തോമസും സെക്രട്ടറി ജയ രവികുമാറും വാർത്താക്കുറിപ്പിൽ അറിയിച്ചു.
അമ്മമാരുടെയും കുട്ടികളുടെയും ഹൃദയ ബന്ധവും, സ്നേഹബന്ധവും ശക്തിപ്പെടുത്തുന്നതിനും, അവരുടെ സർഗ്ഗാത്മകവും ക്രിയാത്മകവുമായ കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിനുമായി
സംഘടിപ്പിച്ച മത്സരത്തിൽ തെരഞ്ഞെടുക്കപ്പെട്ട പത്ത് അമ്മമാരും അവരുടെ കുട്ടികളുമാണ് മാറ്റുരച്ചത്.
വിവിധ റൗണ്ടുകളായി നടന്ന മത്സരത്തിലെ മികച്ച പ്രകടനത്തിൻ്റെ അടിസ്ഥനത്തിൽ
ആദ്യ മൂന്ന് സ്ഥാനക്കാരെ നിർണ്ണയിക്കുന്നതിനൊപ്പം പ്രേക്ഷക വോട്ടെടുപ്പിലൂടെ മികച്ച ജനപ്രിയ അമ്മയെ തെരഞ്ഞെടുക്കുമെന്നും സംഘാടകർ അറിയിച്ചു. മദൻ ഫിറ്റ്നസ് ആണ് മുഖ്യ പ്രായോജകർ
കൂടുതൽ വിവരങ്ങൾക്ക്: നിമ്മി റോഷൻ 32052047, വിജിന സന്തോഷ് 39115221