മനാമ: സാധാരണക്കാരെയും കർഷകരെയും കണക്കിലെടുക്കാത്ത കോർപ്പറേറ്റ് അനുകൂല ബഡ്ജറ്റാണ് കേന്ദ്രസർക്കാർ ഇന്ന് അവതരിപ്പിച്ചിരിക്കുന്നത്. ഇൻഷുറൻസ് മേഖലയിൽ 100% വിദേശ നിക്ഷേപം, ഊർജ്ജം മേഖല സ്വകാര്യവൽക്കരണം എന്നിവയുടെ ഫലമായി ‘ ദൂരവ്യാപകമായ പ്രത്യാഘാതമായിരിക്കും രാജ്യത്തെ ജനങ്ങൾ അനുഭവിക്കേണ്ടി വരിക. കൃഷി, ഉൽപാദനം, സേവനങ്ങൾ തുടങ്ങി എല്ലാ മേഖലകളിലും കോർപ്പറേറ്റ് മേധാവിത്വം ശക്തമാക്കുകയാണ് ബഡ്ജറ്റിലൂടെ ബിജെപി നേതൃത്വം നൽകുന്ന കേന്ദ്രസർക്കാർ ചെയ്യുന്നത്. പാർലിമെൻ്ററി സമിതി ശുപാർശ ചെയ്തിട്ടും കർഷകരുടെ വായ്പ എഴുതി തള്ളൽ പ്രഖ്യാപിച്ചിട്ടില്ല.രാജ്യത്തെ ജനസംഖ്യയിൽ 50 ശതമാനത്തിലേറെ കർഷകർ ആയിരിക്കെ കാർഷിക മേഖലയ്ക്ക് ബഡ്ജറ്റിൽ നീക്കിവെച്ചിരിക്കുന്നത് 3.38 ശതമാനമാണ്. ഇത് സമ്പന്നർക്ക് വേണ്ടി ഉണ്ടാക്കിയ ദരിദ്ര വിരുദ്ധ ബഡ്ജറ്റ് കൂടിയാണ്.
വർദ്ധിച്ച തോതിലുള്ള തൊഴിലില്ലായ്മയും വേതനത്തിൽ ഉയർച്ച ഇല്ലാത്തതിനാലും നടുവൊടിയുന്ന സാധാരണ ജനതക്ക് ആശ്വാസകരമാവാൻ മൂലധന ചെലവുകളെ പ്രോത്സാഹിപ്പിക്കുന്നില്ല. ദേശീയ തൊഴിലുറപ്പ് പദ്ധതിയിൽ ആവശ്യക്കാരുടെ എണ്ണം കൂടിയിട്ടും കഴിഞ്ഞവർഷത്തെ 86,000 കോടി രൂപ മാത്രം നിലനിർത്തി ഗ്രാമീണ ജനതയെ പറ്റിക്കുകയാണ് കേന്ദ്രം ചെയ്യുന്നത്. പട്ടികജാതിക്കാർക്ക് 3.4 ശതമാനവും പട്ടികവർഗ്ഗക്കാർക്ക് 2.6 ശതമാനവും മാത്രമേ ബഡ്ജറ്റിൽ നീക്കി വെച്ചിരിക്കുന്നുള്ളു.വരുമാന പരിധി ഉയർത്തിയുള്ള നികുതി ഇളവ് ഒരു ശതമാനം ജനങ്ങൾക്ക് മാത്രമേ പ്രയോജനം ചെയ്യുകയുള്ളൂ. ന്യായമായതും ഏറ്റവും അടിയന്തിരമായതുമായ ആവശ്യങ്ങളാണ് സംസ്ഥാനം കേന്ദ്രത്തിന്റെ മുന്നിൽ വച്ചത്. വയനാട്, വിഴിഞ്ഞം തുറമുഖം അടക്കം കേന്ദ്ര സഹായംവേണ്ട മേഖലകൾ കണക്കിലെടുത്താണ് കേരളം 24000 കോടി രൂപയുടെ പ്രത്യേക പാക്കേജ് കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടത്. അക്കാര്യങ്ങളിൽ ഒരു പരാമർശം പോലും ഇല്ലാതെ കേന്ദ്രം കേരളത്തിലെ ജനങ്ങളെ നോക്കി കൊഞ്ഞനം കുത്തുകയാണ് ബഡ്ജറ്റിലൂടെ ചെയ്തത്. കടമെടുപ്പ് പരിധി അർഹമായ വിധത്തിൽ ഉയർത്തണമെന്നും , റബ്ബർ, നെല്ല് അടക്കമുള്ള കാർഷിക മേഖലയ്ക്ക് അടിയന്തര സഹായം വേണമെന്നുള്ള അഭ്യർത്ഥന പോലും തള്ളിക്കളയുകയാണ് ചെയ്തിരിക്കുന്നത്. ഇത്തരത്തിലുള്ള കേന്ദ്രസർക്കാറിന്റെ ജനവിരുദ്ധ സംസ്ഥാനവിരുദ്ധ ബഡ്ജറ്റിനെ ബഹറൈൻ പ്രതിഭ അത് അർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുന്നു.
കോർപ്പറേറ് വിധേയത്വ കേന്ദ്ര ബഡ്ജറ്റിനെതിരെ കേരളത്തിലെ ജനങ്ങൾ ഒന്നടങ്കം രാഷ്ട്രീയ പരിഗണനകൾക്ക് അതീതമായി പ്രതിഷേധിച്ചും, കേരളത്തെ പാർലമെൻറിൽ പ്രതിനിധീകരിക്കുന്ന എം.പി.മാർ കേരളത്തിന് അർഹമായ അവകാശങ്ങൾ നേടിയെടുക്കാൻ ഒറ്റക്കെട്ടായി നിലകൊണ്ടും പ്രവർത്തിക്കണമെന്ന് ബഹ്റൈൻ പ്രതിഭ ജനറൽ സെക്രട്ടറി മിജോഷ് മൊറാഴ, പ്രസിഡണ്ട് ബിനു മണ്ണിൽ എന്നിവർ സംയുക്ത പത്രപ്രസ്താവനയിലൂടെ അഭ്യർത്ഥിച്ചു.