മനാമ: കഴിഞ്ഞ ദിവസം കേന്ദ്ര ധനമന്ത്രി പാർലമെൻ്റിൽ അവതരിപ്പിച്ച ബജറ്റ് രാജ്യത്തിൻറെ ഫെഡറൽ സംവിധാനത്തെ അവഹേളിക്കുന്നതും ലോക്സഭയിൽ തങ്ങൾക്ക് പ്രാധാന്യമില്ലാത്ത സംസ്ഥാനങ്ങളെ അവഗണിക്കുന്നതും അപമാനിക്കുന്നതുമായ ബജറ്റ് ആണ് എന്ന് പ്രവാസി വെൽഫെയർ ബഹറൈൻ പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറഞ്ഞു.
രാജ്യത്തിൻറെ സാമ്പത്തിക വളർച്ചയിൽ മുഖ്യപങ്ക് വഹിക്കുന്ന പ്രവാസി സമൂഹത്തോട് ഇത്തവണയും ബജറ്റ് നിഷേധാത്മക സമീപനം സ്വീകരിച്ചു. പുതിയ ലോക സാമൂഹിക ക്രമത്തിൽ തൊഴിൽ നഷ്ടപ്പെട്ട് തിരിച്ചു വരുന്ന പ്രവാസികളുടെ പുനരധിവാസം, പ്രവാസി പെൻഷൻ, പ്രവാസികൾ നിരന്തരമായി ആവശ്യപ്പെട്ടു കൊണ്ടിരിക്കുന്ന വിമാന യാത്രാ സബ്സിഡി എന്നിവയെ കുറിച്ച് ധനമന്ത്രിക്ക് ഒന്നും പറയാനില്ല എന്നത് പ്രവാസികളോട് നാളിതുവരെ തുടർന്നുവരുന്ന സാമൂഹിക നീതി നിഷേധത്തിന്റെ തുടർച്ചയാണെന്ന് മാത്രമേ പറയാൻ കഴിയു.
സമാനതയില്ലാത്ത പ്രകൃതി ദുരന്തം സംഭവിച്ച വയനാടിൻ്റെ പുനരധിവാസം എന്ന മനുഷ്യത്വപരമായ സമീപനം പോലും സ്വീകരിക്കാൻ യൂണിയൻ സർക്കാർ തയ്യാറാകുന്നില്ല എന്നത് കേരള ജനതയോടുള്ള അവഗണനയായിട്ടാണ് മനസ്സിലാക്കേണ്ടത്. രാജ്യത്തെ പണപ്പെരുപ്പം തടയാനോ പിടിവിട്ടുയരുന്ന വിലക്കയറ്റം നിയന്ത്രിക്കാനോ ബജറ്റ് പ്രത്യേകിച്ച് ഒന്നും ചെയ്യുന്നില്ല. കർഷകർക്കും സാധാരണ ജനവിഭാഗങ്ങൾക്കും ആശ്വാസം നൽകുന്ന പദ്ധതികളും സർക്കാറിന്റെ കയ്യിലില്ല എന്ന് ബജറ്റ് വ്യക്തമാക്കുന്നു.
ബജറ്റ് മൊത്തത്തിൽ വിശകലനം ചെയ്യുമ്പോൾ വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകൾ മുന്നിൽകണ്ടുള്ള രാഷ്ട്രീയ പ്രേരിത ബജറ്റ് എന്നതിനപ്പുറം മുഴുവൻ രാജ്യ നിവാസികളുടെയും ക്ഷേമവും സുസ്ഥിതിയും ലക്ഷ്യം വയ്ക്കുന്ന നിർദേശങ്ങൾ ഒന്നും തന്നെയില്ല.
കേരളത്തെയും പ്രവാസി സമൂഹത്തെയും സമ്പൂർണ്ണമായി അവഗണിക്കുന്ന യൂണിയൻ സർക്കാറിന്റെ നിഷേധാത്മക സമീപനത്തിനെതിരെ പ്രവാസ ലോകത്ത് നിന്ന് ശക്തമായ പ്രതിഷേധം ഉയരണം. കാലങ്ങളായി പ്രവാസി സമൂഹം ആവശ്യപ്പെടുന്ന പ്രവാസികളുടെ വോട്ടവകാശം ലഭിക്കുന്നത്തിലൂടെ മാത്രമേ രാജ്യത്തിൻറെ സാമ്പത്തിക വിഹിതത്തിൽ പ്രവാസികൾക്കും ഇടം ലഭിക്കുവാനും പ്രവാസി സമൂഹം ഇന്ന് അനുഭവിച്ചുകൊണ്ടിരിക്കുന്ന ദുഃസ്തിയും മാറുകയുള്ളൂ എന്നും പ്രവാസി വെൽഫെയർ അഭിപ്രായപ്പെട്ടു.









