മനാമ: ബഹ്റൈൻ കേരളീയ സമാജത്തിൻ്റെ ആഭിമുഖ്യത്തിൽ മാർച്ച് 1 മുതൽ 25 വരെ സമാജം ഗ്രൗണ്ടിൽ ഫ്ലഡ്ഡ് ലൈറ്റ് ക്രിക്കറ്റ് ടൂർണമെൻ്റ് സംഘടിപ്പിക്കുന്നു.
കായിക പ്രതിഭകളെ പരിപോഷിപ്പിക്കുന്നതിനും കായിക വിനോദത്തിലധിഷ്ഠിതമായ സാമൂഹികമായ ഇടപഴകലിനെ വളർത്തിയെടുക്കുന്നതിനും അതുവഴി വിവിധ ജനവിഭാഗങ്ങളുമായുള്ള സാഹോദരവ്യം സഹവർത്തിത്വവും നിലനിർത്തുന്നതിനുള്ള പ്രതിബദ്ധതയുടെ ഭാഗമായാണ് ഫ്ലഡ്ഡ് ലൈറ്റ് ക്രിക്കറ്റ് ടൂർണമെന്റിന് ആതിഥേയത്വം വഹിക്കുന്നതെന്ന് സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണ പിള്ളയും ജനറൽ സെക്രട്ടറി വർഗ്ഗീസ് കാരക്കലും വാർത്താകുറിപ്പിൽ അറിയിച്ചു.
ബഹ്റൈനിലെ മികച്ച ക്രിക്കറ്റ് ടീമുകളെ ഒരുമിച്ച് കൊണ്ടുവരുന്നതിനൊപ്പം മത്സരത്തിന്റെ ആവേശകരമായ അന്തരീക്ഷം, എല്ലാ പ്രായത്തിലുമുള്ള കായിക പ്രേമികൾക്കും സമ്മാനിക്കുന്നതിൻ്റെയും ഭാഗമായാണ് മത്സരം സംഘടിപ്പിക്കുന്നതെന്ന് സമാജം ഇൻഡോർഗയിംസ് സെക്രട്ടറി നൗഷാദ് ഇബ്രാഹിം പറഞ്ഞു.
ഫ്ലഡ്ഡ് ലൈറ്റ് ക്രിക്കറ്റ് ടൂർണ്ണമെൻറിൽ പങ്കെടുക്കുന്നതിനുള്ള രജിസ്ട്രേഷൻ ഈ മാസം 22 വരെ തുടരുമെന്നു സംഘാടകർ അറിയിച്ചു.
ടൂർണമെന്റ് കാണുന്നതിന് എല്ലാ ക്രിക്കറ്റ് പ്രേമികൾക്കും അവസരമൊരുക്കുമെന്ന് സംഘാടകർ അറിയിച്ചു.
മത്സരത്തെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് ഷാജി ആൻറണി (കൺവീനർ) 39687681 ,രാജേഷ് കോടോത്ത് 33890941 എന്നിവരെ വിളിക്കാവുന്നതാണ്.