മനാമ: ഫ്രണ്ട്സ് സോഷ്യൽ അസോസിയേഷൻ നടത്തിക്കൊണ്ടിരിക്കുന്ന “തണലാണ് കുടുംബം” എന്ന ക്യാംപയിനിന്റെ ഭാഗമായി ദാറുൽ ഈമാൻ മദ്രസകളുടെ സഹകരണത്തോടെ ഏരിയാതലങ്ങളിൽ സംഘടിപ്പിക്കുന്ന സ്നേഹസംഗമങ്ങൾ ഫെബ്രുവരി 21 വെള്ളിയാഴ്ച നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. സിഞ്ചിലുള്ള ഫ്രൻഡ്‌സ് സെന്ററിൽ വൈകിട്ട് 7.30നും, മുഹറഖ് ഹാലയിലെ മസ്ജിദുൽ ഈമാൻ മജ്ലിസിൽ രാത്രി 8 മണിക്കും, വെസ്റ്റ് റിഫയിലുള്ള ദിശ സെന്ററിൽ വൈകിട്ട് 6 മണിക്കുമാണ് പരിപാടികൾ.
“കുടുംബത്തോടൊപ്പം റമദാനെ വരവേൽക്കാം” എന്ന തലക്കെട്ടിൽ ജാസിർ പി.പി, യൂനുസ് സലിം, ജമാൽ നദ്‌വി ഇരിങ്ങൽ എന്നിവർ പ്രഭാഷണം നടത്തും. ആസന്നമായ റമദാനിനെ വിശുദ്ധ ഖുർആനിന്റെയും പ്രവാചക ചര്യയുടെയും അടിസ്ഥാനത്തിൽ വരവേൽക്കാനുള്ള തയ്യാറെടുപ്പുകൾ നടത്താനുള്ള പ്രചോദനം സൃഷ്ടിക്കുക എന്നതാണ് പരിപാടിയിലൂടെ ഉദ്ദേശിക്കുന്നത്. കുടുംബത്തോടൊപ്പം ഏറ്റവും ഫലപ്രദമായ രീതിയിൽ റമദാൻ മാസത്തെ ഉപയോഗപ്പെടുത്താനും അതിലൂടെ മനസുകളെ സ്ഫുടം ചെയ്തെടുക്കാനുമുള്ള നിർദേശങ്ങളും സ്നേഹസംഗമത്തിലൂടെ നൽകുമെന്നും സംഘാടകർ അറിയിച്ചു.