മനാമ: ബഹ്‌റൈൻ പ്രതിഭ മലയാളം പാഠശാലയിലെ അദ്ധ്യാപിക ആയിരുന്ന ചിന്നു രൂപേഷിൻറെ അകാലത്തിലുള്ള വേർപാടിൽ പാഠശാലയുടെ ആഭിമുഖ്യത്തിൽ അനുശോചന യോഗം ചേർന്നു . പ്രതിഭ പാഠശാല കോർഡിനേറ്ററും , മലയാളം മിഷൻ ബഹ്‌റൈൻ ചാപ്റ്റർ വിദഗ്ദ്ധ സമിതി അംഗവുമായ പ്രദീപ് പതേരിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മലയാളം പാഠശാല പ്രിൻസിപ്പാൾ സുരേന്ദ്രൻ വി കെ അനുശോചന പ്രമേയം അവതരിപ്പിച്ചു. മലയാളം പാഠശാലയിലെ ഏറ്റവും മികച്ച അധ്യാപികയെയാണ് അകാലത്തിൽ പ്രതിഭയിലെ വിദ്യാർത്ഥികൾക്ക് നഷ്ടപ്പെട്ടതെന്നും, അഞ്ചും പത്തും വയസ്സുള്ള ചിന്നു രൂപേഷിൻ്റെ മകൾക്കും മകനും അമ്മയില്ലാത്ത വരും കാലത്തെ ധീരമായി നേരിടാൻ കഴിയട്ടെ എന്നും അനുശോചകർ ആശിച്ചു.
ലോക കേരള സഭാഅംഗവും, പ്രതിഭ രക്ഷാധികാരി സമിതി അംഗവുമായ സി.വി. നാരായണൻ, രക്ഷാധികാരി സമിതി അംഗം ലിവിൻ കുമാർ , മലയാളം മിഷൻ ബഹ്‌റൈൻ ചാപ്റ്റർ സെക്രട്ടറി ബിജു എം സതീഷ്, പ്രതിഭ വനിതാ വേദി സെക്രട്ടറി റീഗ പ്രദീപ് , വനിതാ വേദി പ്രസിഡന്റ് ഷമിതാ സുരേന്ദ്രൻ, പ്രതിഭ മനാമ മേഖല സെക്രട്ടറി നിരൺ, പാഠശാല പ്രവർത്തകരായ മറ്റ് കേന്ദ്ര കമ്മറ്റി-രക്ഷധികാരി സമിതി ആംഗങ്ങൾ, ഭാരവാഹികൾ എന്നിവർ അനുശോചന യോഗത്തിൽ സംസാരിച്ചു. യോഗത്തിന് പാഠശാല ജോയിന്റ് കൺവീനർമാരായ ജയരാജ് സ്വാഗതവും, സൗമ്യ നന്ദിയും പറഞ്ഞു.