മനാമ: ഇന്ത്യൻ സ്‌കൂളിൽ ദീർഘകാലമായി സേവനം നൽകിവരുന്ന അധ്യാപകരെയും അനധ്യാപകരെയും അവാർഡ് നൽകി ആദരിച്ചു.ശനിയാഴ്ച ഇസാ ടൗണിലെ ജഷൻമാൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിലാണ് അവാർഡ് ദാന ചടങ്ങ് നടത്തിയത്. ഇസാ ടൗൺ കാമ്പസിലെയും ജൂനിയർ കാമ്പസിലെയും അധ്യാപകരും ജീവനക്കാരും പങ്കെടുത്ത പരിപാടിയിൽ 10, 15, 20, 25, 30 വർഷമായി സ്കൂളിൽ സേവനമനുഷ്ഠിച്ചവരെ സർട്ടിഫിക്കറ്റും മെഡലും നൽകി ആദരിച്ചു. സ്‌കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വറുഗീസ്, സെക്രട്ടറി വി. രാജപാണ്ഡ്യൻ, അസി.സെക്രട്ടറിയും അക്കാദമിക് അംഗവുമായ രഞ്ജിനി മോഹൻ, പ്രോജക്ട് ആൻഡ് മെയിന്റനൻസ് അംഗം മിഥുൻ മോഹൻ, ട്രാൻസ്‌പോർട്ട് അംഗം മുഹമ്മദ് നയാസ് ഉല്ല, ഭരണസമിതി അംഗം ബിജു ജോർജ്, പ്രിൻസിപ്പൽ വി.ആർ പളനിസ്വാമി, ജൂനിയർ വിംഗ് പ്രിൻസിപ്പൽ പമേല സേവ്യർ, സീനിയർ സ്കൂൾ ആൻഡ് അക്കാദമിക് അഡ്മിനിസ്ട്രേഷൻ വൈസ് പ്രിൻസിപ്പൽ ജി. സതീഷ്, മിഡിൽ സെക്ഷൻ വൈസ് പ്രിൻസിപ്പൽ ജോസ് തോമസ്, ജൂനിയർ വിംഗ് വൈസ് പ്രിൻസിപ്പൽ പ്രിയ ലാജി, സ്റ്റാഫ് പ്രതിനിധി പാർവതി ദേവദാസ് എന്നിവർ പങ്കെടുത്തു.
സ്‌കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വറുഗീസ് അധ്യാപകരുടെ വിലമതിക്കാനാവാത്ത സംഭാവനകളെ എടുത്തുപറഞ്ഞു. അവരുടെ മികച്ച സേവനമാണ് സ്ഥാപനത്തിന്റെ വിജയത്തിന്റെ അടിത്തറയെന്ന് അദ്ദേഹം പറഞ്ഞു. സ്കൂളിന്റെ 75 വർഷത്തെ സ്തുത്യർഹമായ യാത്രയിൽ അധ്യാപക-അനധ്യാപക ജീവനക്കാരുടെ പങ്കു നിസ്തുലമാണെന്ന് അഡ്വ. ബിനു മണ്ണിൽ വറുഗീസ് പറഞ്ഞു. 2024-2025 വർഷത്തെ ഇന്ത്യൻ സ്കൂൾ യൂത്ത് ഫെസ്റ്റിവലിന്റെ വിജയത്തിൽ നിർണായക പങ്കുവഹിച്ച സ്കൂൾ ഹൗസ് പ്രതിനിധികളെയും ചടങ്ങിൽ ആദരിച്ചു. പ്രിൻസിപ്പൽ വി.ആർ പളനിസ്വാമി സ്വാഗതവും സെക്രട്ടറി വി. രാജപാണ്ഡ്യൻ നന്ദിയും പറഞ്ഞു. അവാർഡ് ജേതാക്കളും അവരുടെ കുടുംബങ്ങളും പരിപാടിയിൽ പങ്കെടുത്തു. സ്‌കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വറുഗീസ്,സെക്രട്ടറി വി. രാജപാണ്ഡ്യൻ, ഭരണസമിതി അംഗങ്ങൾ, പ്രിൻസിപ്പൽ വി.ആർ പളനിസ്വാമി, ജൂനിയർ വിംഗ് പ്രിൻസിപ്പൽ പമേല സേവ്യർ എന്നിവർ ഏവരുടെയും സമർപ്പണത്തിനും കഠിനാധ്വാനത്തിനും ഹൃദയംഗമമായ അഭിനന്ദനങ്ങൾ അറിയിച്ചു.