
ന്യൂദല്‍ഹി: 2012 ലെ ഐപിഎല്‍ ക്രിക്കറ്റ് ടൂര്‍ണമെന്റിനിടെ മലയാളി ക്രിക്കറ്റ് താരം എസ്. ശ്രീശാന്തിന് പരിക്കേറ്റതിന്റെ പേരില്‍ രാജസ്ഥാന്‍ റോയല്‍സിന് 82 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ യുണൈറ്റഡ് ഇന്ത്യ ഇന്‍ഷുറന്‍സ് കമ്പനിയോട് നിര്‍ദ്ദേശിച്ച ദേശീയ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്റെ ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തു. ഇന്‍ഷുറന്‍സ് കമ്പനി സമര്‍പ്പിച്ച ഹര്‍ജിയിലാണ് ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ച് ഉത്തരവ് പുറപ്പെടുവിച്ചത്. ഇന്‍ഷുറന്‍സ് കാലയളവില്‍ ഉണ്ടായ കാല്‍മുട്ടിനേറ്റ പരിക്കാണ് ശ്രീശാന്തിന് ഫിറ്റ്‌നസ് നഷ്ടപ്പെടുത്തിയതെന്ന് രാജസ്ഥാന്‍ റോയല്‍സിനുവേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ നീരജ് കിഷന്‍ കൗള്‍ വാദിച്ചു. എന്നാല്‍ ശ്രീശാന്ത് ഒരു ദിവസം പോലും കളിച്ചിട്ടില്ലെന്ന് ജസ്റ്റിസ് മേത്ത ചൂണ്ടിക്കാട്ടി.
ശ്രീശാന്തിന്റെ കാല്‍ വിരലിന് നേരത്തെയുണ്ടായ പരുക്ക് മറച്ചുവച്ചെന്നാണ് ഇന്‍ഷുറന്‍സ് കമ്പനി വാദിച്ചത്. ശ്രീശാന്തിന് സീസണ്‍ നഷ്ടമാകാനുള്ള കാരണം ഇതാണെന്നും കമ്പനി പറയുന്നു. 2012 ഐപിഎലിനിടെ ഒരു പരിശീലന മത്സരത്തിലാണ് ശ്രീശാന്തിനു കാല്‍മുട്ടിന് പരിക്കേല്‍ക്കുന്നത്. ശ്രീശാന്ത് പുറത്തായതിനു പിന്നാലെ രാജസ്ഥാന്‍ റോയല്‍സ് 82 ലക്ഷം രൂപ ക്ലെയിം ചെയ്തു. എന്നാല്‍ നഷ്ടപരിഹാരം നല്‍കാന്‍ ഇന്‍ഷുറന്‍സ് കമ്പനി വിസമ്മതിച്ചു. ഇതിനെതിരെ റോയല്‍ മള്‍ട്ടിസ്പോര്‍ട്ട് പ്രൈവറ്റ് ലിമിറ്റഡ് സമര്‍പ്പിച്ച പരാതിയിലാണ് ദേശീയ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ് പുറപ്പെടുവിച്ചത് .









