
റിഗ (ലാത്വിയ): ആധികാരിക വിജയത്തോടെ ഇംഗ്ലണ്ടിന് 2026 ലോകകപ്പ് ടിക്കറ്റ്. ഗ്രൂപ്പ് ഐയില്‍ ഇന്നലെ പുലര്‍ച്ച നടന്ന മത്സരത്തില്‍ ലാത്വിയയെ മറുപടിയില്ലാത്ത അഞ്ച് ഗോളുകള്‍ക്ക് തകര്‍ത്താണ് ഇംഗ്ലണ്ട് ലോകകപ്പ് ടിക്കറ്റ് സ്വന്തമാക്കിയത്.
ഇംഗ്ലണ്ടിന്റെ തുടര്‍ച്ചയായ എട്ടാം ലോകകപ്പ് പ്രവേശനമാണിത്. കളിച്ച ആറും ജയിച്ച അവര്‍ 18 പോയിന്റ് നേടിയാണ് ലോകകപ്പ് ടിക്കറ്റ് സ്വന്തമാക്കിയത്. യൂറോപ്പില്‍ നിന്ന് ലോകകപ്പ് ടിക്കറ്റ് സ്വന്തമാക്കുന്ന ആദ്യ ടീമാണ് ഇംഗ്ലണ്ട്.
ലാത്വിയക്കെതിരെ ഇരട്ട ഗോളുമായി നായകന്‍ ഹാരി കെയ്ന്‍ തിളങ്ങി. 44-ാം മിനിറ്റിലും ആദ്യപകുതിയുടെ പരിക്ക സമയത്തിന്റെ നാലാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെയുമായിരുന്നു കെയ്‌ന്റെ ഗോള്‍. 26-ാം മിനിറ്റില്‍ ആന്റണി ഗോര്‍ഡാണ് ഇംഗ്ലണ്ടിന്റെ ഗോളടിക്ക് തുടക്കമിട്ടത്. 86-ാം മിനിറ്റില്‍ എബറെച് എസെയും ഗോളടിച്ചപ്പോള്‍ 58-ാം മിനിറ്റിലെ ലാത്വിയ താരം മാക്‌സിം ടോണിസേവ്‌സിന്റെ ഗോളും ഇംഗ്ലണ്ടിനു തുണയായി.
മറ്റൊരു മത്സരത്തില്‍ സെര്‍ബിയ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് അന്‍ഡോറയെ പരാജയപ്പെടുത്തി.
ഗ്രൂപ്പ് ഇയില്‍ നടന്ന മത്സരത്തില്‍ തുടര്‍ച്ചയായ നാലാം ജയം സ്വന്തമാക്കി സ്‌പെയിനും യോഗ്യതയ്‌ക്കടുത്തെത്തി. ബള്‍ഗേറിയയെ മറുപടിയില്ലാത്ത നാല് ഗോളുകള്‍ക്ക് തോല്‍പ്പിച്ചു. മൈക്കല്‍ മെറീനോയുടെ ഇരട്ട ഗോളാണ് സ്‌പെയിന് ആധികാരിക വിജയം സമ്മാനിച്ചത്. 35, 57 മിനിറ്റുകളിലായിരു്ന്നു താരത്തിന്റെ ഗോളുകള്‍. ഇഞ്ചുറി സമയത്ത് മൈക്കല്‍ ഒയര്‍സബായ് പെനാല്‍റ്റിയിലൂടെയും ലക്ഷ്യം കണ്ടപ്പോള്‍ ഒരെണ്ണം ബള്‍ഗേറിയന്‍ താരത്തിന്റെ ദാനമായിരുന്നു. 79-ാം മിനിറ്റില്‍ അറ്റനാസ് ഷെര്‍നേവാണ് സ്വന്തം പോസ്റ്റില്‍ പന്തെത്തിച്ചത്. ഗ്രൂപ്പില്‍ രണ്ട് മത്സരം ബാക്കിനില്‍ക്കേ 12 പോയിന്റുമായി സ്‌പെയിന്‍ ഒന്നമതാണ്. മറ്റൊരു മത്സരത്തില്‍ തുര്‍ക്കി ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് ജോര്‍ജിയയെ പരാജയപ്പെടുത്തി. ഒന്‍പത് പോയിന്റുമായി തുര്‍ക്കിയാണ് ഗ്രൂപ്പില്‍ രണ്ടാമത്. കളിച്ച നാല് കളിയും തോറ്റ ബള്‍ഗേറിയ പോയിന്റൊന്നും നേടാതെ ലോകകപ്പ് കാണാതെ പുറത്തായി. നവംബര്‍ 15ന് നടക്കുന്ന മത്സരത്തില്‍ ജോര്‍ജിയയാണ് സ്‌പെയിനിന് എതിരാളി. അന്ന് തുര്‍ക്കി ബള്‍ഗേറിയയെയും നേരിടും.
കളിച്ച് കളിച്ച് ഖത്തറും
2022-ല്‍ ചരിത്രത്തിലാദ്യമായി ലോകകപ്പില്‍ ആതിഥേയരായി പന്തുതട്ടിയ ഖത്തര്‍ 2026 ലോകകപ്പിലേക്ക് കളിച്ചു തന്നെ ടിക്കറ്റെടുത്തു. നാലാം റൗണ്ടിലെ അവസാന മത്സരത്തില്‍ യുഎഇയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് കീഴടക്കിയാണ് ഖത്തര്‍ തുടര്‍ച്ചയായ രണ്ടാം തവണയും ലോകകപ്പിന് യോഗ്യത നേടിയത്. ഈ മത്സരത്തില്‍ യുഎഇക്ക് ഒരു സമനില മാത്രം മതിയായിരുന്നു ലോകകപ്പ് ടിക്കറ്റ് സ്വന്തമാക്കാന്‍. ദോഹയിലെ ജാസിം ബിന്‍ ഹമദ് സ്റ്റേഡിയത്തില്‍ നടന്ന പോരാട്ടത്തില്‍ നാട്ടുകാരുടെ പിന്തുണയോടെ കളിച്ച ഖത്തറിനെ കീഴടക്കാന്‍ യുഎഇക്ക് കഴിയാതെ പോയതോടെയാണ് കഴിഞ്ഞ ലോകകപ്പിന്റെ ആതിഥേയര്‍ 2026ലെ ലോകകപ്പിലേക്ക് ടിക്കറ്റ് സ്വന്തമാക്കിയത്. യോഗ്യത നേടണമെങ്കില്‍ ആദ്യ കളിയില്‍ ഒമാനെതിരെ ഗോള്‍രഹിത സമനില പാലിച്ച ഖത്തറിന് വിജയം അനിവാര്യമായിരുന്നു.
ഗോള്‍രഹിതമായ ആദ്യപകുതിക്കുശേഷം കളിയുടെ 49-ാം മിനിറ്റിലാണ് ഖത്തര്‍ ആദ്യ ഗോളടിച്ചത്. അക്രം അഫീഫ് എടുത്ത ഫ്രീകിക്കിനെ മനോഹരമായ ഹെഡ്ഡറിലൂടെ ബൗലം ഖൗഖി വലയിലെത്തിച്ചു. 74-ാം മിനിറ്റില്‍ പോര്‍ച്ചുഗീസ് വംശജനായ പെഡ്രോ മിഗ്വല്‍ ഖത്തറിനുവേണ്ടി രണ്ടാം ഗോളും നേടി. 88-ാം മിനിറ്റില്‍ യുഎഇ താരത്തെ ഫൗള്‍ ചെയ്തതിന് താരിഖ് സല്‍മാന്‍ ചുവപ്പുകാര്‍ഡുമായി പുറത്തായി. ഇതോടെ ഖത്തര്‍ പത്തുപേരായി ചുരുങ്ങി. ഈ അവസരം മുതലെടുത്തായിരുന്നു ഇഞ്ചുറി സമയത്തിന്റെ എട്ടാം മിനിറ്റില്‍ സുല്‍ത്താന്‍ ആദില്‍ ഉഗ്രനൊരു ഹാഫ് വോളി ഗോളാക്കി യുഎഇക്ക് പുത്തന്‍ ഊര്‍ജം സമ്മാനിച്ചത്.
ലോകകപ്പിന് ഇതുവരെ യോഗ്യത നേടിയ ടീമുകള്‍ (28)
ആതിഥേയര്‍(3): യുഎസ്എ, മെക്‌സിക്കോ, കാനഡ
യൂറോപ്പ് (1): ഇംഗ്ലണ്ട്
ആഫ്രിക്ക(9): അള്‍ജീരിയ, കേപ് വെര്‍ഡെ, ഈജിപ്റ്റ്, ഘാന, മൊറോക്കോ, ടുണീഷ്യ, ദക്ഷിണാഫ്രിക്ക, സെനഗല്‍, ഐവറി കോസ്റ്റ്
ഏഷ്യ(8): ഓസ്‌ട്രേലിയ, ഇറാന്‍, ജപ്പാന്‍, ജോര്‍ദാന്‍, ദക്ഷിണ കൊറിയ, ഉസ്‌ബെക്കിസ്ഥാന്‍, ഖത്തര്‍, സൗദി.
ഓഷ്യാനിയ(1): ന്യൂസിലന്‍ഡ്.
തെക്കേ അമേരിക്ക(6): അര്‍ജന്റീന, ബ്രസീല്‍, കൊളംബിയ, ഇക്വഡോര്‍, പരാഗ്വെ, ഉറുഗ്വെ.









