
വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും വിവാഹശേഷം ഒന്നിക്കുന്ന ബിഗ് ബജറ്റ് ചിത്രം രണബാലിയുടെ പ്രധാന ഷൂട്ടിംഗ് ഷെഡ്യൂൾ റായലസീമയിൽ പൂർത്തിയായി. മൈത്രി മൂവി മേക്കേഴ്സ് നിർമ്മിക്കുന്ന ചിത്രം സെപ്റ്റംബർ 11-ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്യും. റായലസീമയിലെ ചിത്രീകരണ വേളയിൽ താരങ്ങൾക്ക് ലഭിച്ച ആവേശകരമായ വരവേൽപ്പ് സമൂഹമാധ്യമങ്ങളിൽ ഇതിനോടകം തരംഗമായിട്ടുണ്ട്. ജനസാഗരത്തെ സാക്ഷിനിർത്തി പൂർത്തിയാക്കിയ ഈ ഷെഡ്യൂൾ ചിത്രത്തിലെ നിർണ്ണായക ഭാഗമാണെന്ന് അണിയറപ്രവർത്തകർ വ്യക്തമാക്കി.
രാഹുൽ സങ്കൃത്യൻ സംവിധാനം ചെയ്യുന്ന ഈ പീരിയഡ് ആക്ഷൻ ഡ്രാമ, പത്തൊൻപതാം നൂറ്റാണ്ടിലെ യഥാർത്ഥ ചരിത്ര സംഭവങ്ങളെ ആസ്പദമാക്കിയാണ് ഒരുങ്ങുന്നത്. ബ്രിട്ടീഷ് ഭരണകാലത്ത് ഇന്ത്യയിൽ നടന്ന ക്രൂരതകളെയും വംശഹത്യകളെയും കുറിച്ചാണ് ചിത്രം സംസാരിക്കുന്നത്. ഹിറ്റ്‌ലറുടെ ഹോളോകോസ്റ്റിനേക്കാൾ ഭീകരമായ വംശഹത്യകളും ബ്രിട്ടീഷ് ഉദ്യോഗസ്ഥർ ഇന്ത്യയെ എങ്ങനെ വരൾച്ചാ മേഖലയാക്കി മാറ്റിയെന്ന വൈകാരികമായ വസ്‌തുതകളും ചിത്രം ചർച്ച ചെയ്യുന്നുണ്ടെന്നാണ് പുറത്തുവരുന്ന സൂചനകൾ.
ചിത്രത്തിലെ രണബാലിയുടേയും ജയമ്മയുടേയും പ്രണയം പ്രമേയമായ സർപ്രൈസ് വീഡിയോയും വെഡ്ഡിങ് പോസ്റ്ററും ആരാധകർക്കിടയിൽ വലിയ പ്രതീക്ഷയാണ് നൽകിയിരിക്കുന്നത്. ‘ഗീത ഗോവിന്ദം’, ‘ഡിയർ കോമ്രേഡ്’ എന്നീ ചിത്രങ്ങൾക്ക് ശേഷം വിജയ്-രശ്മിക കെമിസ്ട്രി വീണ്ടും സ്ക്രീനിലെത്തുന്നത് കാണാൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് സിനിമാലോകം.
The post വിജയ് ദേവരകൊണ്ട-രശ്മിക ചിത്രം ‘രണബാലി’ വരുന്നു! appeared first on Express Kerala.









