മനാമ ഏരിയ ഖുർആൻ പഠനത്തിന്റെ ഉത്ഘാടനം സീഫ് മസ്ജിദ് ഇമാം അബ്ദുൽ ബാസിത് സാലിഹ് അദ്ദൂസരി നിർവഹിക്കുന്നു
മനാമ : ഫ്രണ്ട്‌സ് സ്റ്റഡി സർക്കിൾ മനാമ ഏരിയ സംഘടിപ്പിക്കുന്ന ഖുർആൻ പഠന വേദിക്ക് തുടക്കമായി.സിഞ്ചിലുള്ള ഫ്രൻഡ്‌സ് ആസ്ഥാനത്ത് നടന്ന ഖുർആൻ പഠനത്തിന്റെ ഉത്ഘാടനം സീഫ് മസ്ജിദ് ഇമാം അബ്ദുൽ ബാസിത് സാലിഹ് അദ്ദൂസരി നിർവഹിച്ചു. വിശുദ്ധ ഖുർആൻ പ്രതിസന്ധി ഘട്ടങ്ങളിൽ വിശ്വാസികൾക്ക് ആശ്വാസവും മനസ്സമാധാനവും നൽകുന്ന വേദഗ്രന്ഥമാണെന്ന് അദ്ദേഹം പറഞ്ഞു. ഖുർആൻ ചിന്തിച്ചും മനസ്സിലാക്കിയും പഠിക്കുമ്പോഴാണ് കാലഘത്തിന്റെ പ്രതിസന്ധികൾ അതിജീവിക്കാൻ കഴിയുക. ഖുർആൻ പഠിക്കുവാനുള്ള ഇത്തരത്തിലുള്ള വേദികൾ എല്ലാവരും ഉപയോഗപ്പെടുത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഖുർആൻ പഠനത്തിന്റെ പ്രാധാന്യം എന്ന വിഷയത്തിൽ സഈദ് റമദാൻ നദ്‌വി മുഖ്യപ്രഭാഷണം നിർവഹിച്ചു. ഖുർആൻ മനുഷ്യരെ ഒന്നിപ്പിക്കുന്ന വേദപുസ്തകമാണെന്ന് അദ്ദേഹം പറഞ്ഞു. മനുഷ്യരുടെ മനസുകൾക്കിടയിലുള്ള എല്ലാ വിവേചനങ്ങളേയും അത് ഇല്ലാതാക്കുന്നു. മനുഷ്യരെ ആദരിപ്പിക്കാനും പരിഗണിക്കാനുമാണ് ഖുർആൻ പഠിപ്പിക്കുന്നത്. ഖുർആൻപഠനം നമ്മുടെ ജീവിത ചര്യയുടെ ഭാഗമാക്കാൻ കഴിയണം. ആഴത്തിലുള്ള ഖുർആൻ പഠനത്തിലൂടെ അല്ലാഹുവിനെയും ഈ പ്രപഞ്ചത്തെയും അതിലുള്ള ജീവജാലങ്ങളെ കുറിച്ചും നമുക്ക് കൂടുതൽ അറിവ് ലഭിക്കുമെന്നും അദ്ദേഹാം പറഞ്ഞു.









