
അഗാദിര്‍: പ്രീക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ തകര്‍പ്പന്‍ ജയത്തോടെ ഈജിപ്തും നൈജീരിയയും ക്വാര്‍ട്ടറില്‍ കടന്നു. ബെനിന്റെ അത്യുഗ്രന്‍ കളിക്കെതിരെ പോരാടിയ ഈജിപ്ത് 3-1നാണ് വിജയിച്ചത്. മത്സരത്തിനൊടുവില്‍ ഈജിപ്തിനുവേണ്ടി ടീം ക്യാപ്റ്റന്‍ കൂടിയായ സൂപ്പര്‍ താരം മുഹമ്മദ് സലാ ഗോള്‍ നേടി.
ഈജിപ്ത്-ബെനിന്‍ മത്സരത്തിലെ റെഗുലര്‍ ടൈം പോരാട്ടം 1-1 സമനിലയില്‍ കലാശിച്ചു. അധികസമയത്ത് ഈജിപ്ത് രണ്ട് ഗോളുകള്‍ കൂടി നേടുകയായിരുന്നു.
മത്സരത്തിന്റെ ആദ്യപകുതി ഗോളില്ലാതെ അവസാനിച്ചു. നിരവധി മികച്ച മുന്നേറ്റങ്ങള്‍ക്കൊടുവില്‍ മാര്‍വന്‍ ആട്ടിയയിലൂടെ ഈജിപ്ത് ആദ്യ ഗോള്‍ നേടി. 83-ാം മിനിറ്റില്‍ ജോഡെല്‍ ഡൊസ്സു ബെനിന് വേണ്ടി സമനില ഗോള്‍ നേടി. അധിസമയ പോരാട്ടത്തിന്റെ 97-ാം മിനിറ്റില്‍ യാസര്‍ ഇബ്രാഹിം ഈജിപ്തിന് ലീഡ് സമ്മാനിച്ചു. ഒടുവില്‍ സ്റ്റോപ്പേജ് സമയത്ത് സലായുടെ തകര്‍പ്പന്‍ ഫിനിഷിങ് ടച്ചും.
മോസാംബിക്യുവിനെ എതിരില്ലാത്ത നാല് ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് നൈജീരിയ ക്വാര്‍ട്ടറിലേക്ക് മുന്നേറിയത്. സൂപ്പര്‍ സ്‌ട്രൈക്കര്‍ വിക്ടര്‍ ഒസിംഹന്‍ മത്സരത്തില്‍ ഇരട്ട ഗോള്‍ നേടി. അഡെമോല ലൂക്ക്മാന്‍, അകോര്‍ ആഡംസ് എന്നിവരാണ് മത്സരത്തിലെ മറ്റ് സ്‌കോറര്‍മാര്‍.









