
കൊച്ചി: ഏഷ്യന്‍ കപ്പ് ഫുട്‌ബോള്‍ 2027നുള്ള യോഗ്യതാ പോരാട്ടത്തില്‍ ആശ്വാസജയത്തോടെ ഭാരതം മത്സരങ്ങള്‍ പൂര്‍ത്തിയാക്കി. ഹോങ്കോങ്ങിനെതിരെ 2-1നാണ് വിജയിച്ചത്. ഖാലിത് ജമീലിന് കീഴിലുല്‌ള ടീം അതിഗംഭീര പ്രകടനത്തോടെയാണ് വിജയം സ്വന്തമാക്കിയത്.
ആദ്യപകുതിയില്‍ ഒരു ഗോള്‍ നേടി ലീഡ് ചെയ്ത ഭാരതം രണ്ടാം പകുതിയുടെ തുടക്കത്തിലേ ലീഡ് ഇരട്ടിയാക്കി. അതിന് പിന്നാലെ ഹോങ്കോങ് മറുപടി ഗോള്‍ അടിച്ചു. തുടര്‍ന്ന് കരുത്തന്‍ വെല്ലുവിളിയാണ് ഹോങ്കോങ്ങില്‍ നിന്നുണ്ടായത്. പക്ഷെ ഫലപ്രദമായി ചെറുക്കാന്‍ ഭാരതത്തിന് സാധിച്ചു.
ഭാരതത്തിന്റെ മുന്നേറ്റത്തോടെ തുടങ്ങിയ മത്സരത്തിന് നാല് മിനിറ്റായപ്പോള്‍ ആദ്യഗോള്‍ വീണു. ഓസ്‌ട്രേലിയയില്‍ നിന്നും ഭാരത ടീമിലേക്ക് ചേക്കേറിയ താരം റയന്‍ വില്ല്യംസ് ആണ് ഗോള്‍ നേടിയത്. മന്‍വീര്‍ വലത് ഭാഗത്ത് നിന്ന് നല്‍കിയ കുറിയന്‍ ക്രോസിലേക്ക് വണ്‍ ടൈം ഷോട്ടിലൂടെ റയാന്‍ സ്‌കോര്‍ ചെയ്യുകയായിരുന്നു.
രണ്ടാം പകിതിയില്‍ കളി തുടങ്ങി 50 മിനിറ്റെത്തിയപ്പോള്‍ ഇടത് നിന്ന് രാഹുല്‍ ഭെക്കെ നല്‍കിയ ലോങ് ത്രോ ബോളിനെ സ്വീകരിച്ച ആകാശ് മിശ്ര ഹോങ്കോങ് പ്രതിരോധ കോട്ടയെ കീഴടക്കി ഗംഭീരമായി പന്ത് ഫിനിഷ് ചെയ്യുകയായിരുന്നു.
65-ാം മിനിറ്റില്‍ ബ്രൗന്‍ഷ്‌റ്റെയിന്‍ ആണ് ഹോങ്കോങ്ങിനായി മത്സരത്തിലെ ഏക ഗോള്‍ നേടിയത്.
യോഗ്യതാ പട്ടികയില്‍ ഭാരതത്തിന്റെ അവസാനത്തെയും ആറാമത്തെയും മത്സരമാണിത്. ഇതുവരെ മൂന്ന് കളികളില്‍ തോല്‍ക്കുകയും രണ്ട് മത്സരങ്ങളില്‍ സമനില പാലിക്കുകയും ചെയ്ത ഭാരതം ഇന്നലെ ആണ് ആദ്യ ജയം നേടിയത്. ഏഷ്യന്‍കപ്പ് യോഗ്യതാ റൗണ്ടില്‍ ഭാരത്തിന് ആശ്വസിക്കാനുള്ള വകയായി ഈ വിജയം. ഹോങ്കോങ്ങിനും യോഗ്യത നേടാന്‍ സാധിച്ചില്ല.







